ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാർക്കും ശമ്പളം; വിപ്ലവകരമായ തീരുമാനവുമായി സോഹൻ റോയ്
ഷാര്‍ജ : കമ്ബനിയിലെ ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് ശമ്ബളം കൊടുക്കും എന്ന് വമ്ബന്‍ പ്രഖ്യാപനവുമായി ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ അച്ഛനും അമ്മയ്ക്കും നിലവില്‍ പെന്‍ഷന്‍ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനം കൂടിയാണ് ഏരീസ്. ഇതിനു പുറമേയാണ് ഭാര്യമാര്‍ക്ക് കൂടി ശമ്ബളം നല്‍കാനുള്ള വിപ്ലവകരമായ തീരുമാനം.
കഴിഞ്ഞവര്‍ഷം സേവന കാലാവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ മൂല്യമുള്ള പാരിതോഷികം പണമായും ആനുകൂല്യങ്ങളായും വിതരണം ചെയ്യാനും സ്ഥാപനത്തിന് സാധിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം ലോകത്തിലെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായെങ്കിലും തങ്ങള്‍ക്ക് അതിനെയെല്ലാം മറികടക്കാനും ജീവനക്കാര്‍ക്ക് പതിവ് ശമ്ബള വര്‍ദ്ധനവിനൊപ്പം ഇത്തരം ആനുകൂല്യങ്ങള്‍ കൂടി നല്‍കുവാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സി.ഇ.ഒ.യുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.'ഞങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ കാര്യശേഷിയും സമയ നിര്‍ണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, 'എഫിസം' എന്ന ഒരു സോഫ്റ്റ്‌വെയര്‍ സിസ്റ്റം രൂപകല്പന ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ മുഖേന പതിനാറു രാജ്യങ്ങളിലെ അറുപതോളം കമ്ബനികളിലെ ജീവനക്കാരുടെ കാര്യക്ഷമത ഫലപ്രദമായി വിനിയോഗിക്കാന്‍ സ്ഥാപനത്തിന് സാധിച്ചു.
അതിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് സമുദ്ര സംബന്ധമായ വ്യവസായമേഖലയിലെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്ബര്‍ സ്ഥാനം കരസ്ഥമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാംസ്ഥാനവും ഞങ്ങള്‍ക്കുണ്ട്. സൗദിയിലെ ആരാംകോ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഈ നേട്ടം ജീവനക്കാര്‍ മുഖേന ഉണ്ടായതാണ്. അതുകൊണ്ടുതന്നെ അവരര്‍ഹിയ്ക്കുന്ന അതിന്റെ പങ്ക് അവര്‍ക്ക് തിരികെ കൊടുക്കുന്നു,' അദ്ദേഹം പറഞ്ഞു.
മാരിടൈം കണ്‍സള്‍ട്ടന്‍സി, ഷിപ്പ് ഡിസൈന്‍, കപ്പലുകളുടെ യു.റ്റി. ഗേജിംഗ് സര്‍വേ, റോപ്പ് ആക്സസ്, ഇന്റീരിയര്‍, എവിയേഷന്‍ സര്‍വ്വേകള്‍ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവര്‍ത്തന മേഖലകള്‍. ഇതുകൂടാതെ മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതല്‍ മുടക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരാണ് ഗ്രൂപ്പിന്റെ സമ്ബത്ത്. ആരെയും പിരിച്ചു വിടുകയോ ശമ്ബളം നല്‍കാതിരിക്കുകയോ ചെയ്യേണ്ട സാഹചര്യം കൊറോണക്കാലത്ത് പോലും സ്ഥാപനത്തിന് ഉണ്ടായിട്ടില്ല.
ജീവനക്കാര്‍ക്കായി നിരവധി ക്ഷേമ പദ്ധതികളാണ് ഏരീസ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാരുടെയും മാതാപിതാക്കള്‍ക്ക് വര്‍ഷങ്ങളായി പെന്‍ഷന്‍ നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏക സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും പഠന സ്കോളര്‍ഷിപ്പുകളും നല്‍കിവരുന്നു.



Author Coverstory


Comments (0)